ശുംഭന്‍ എന്നുപറഞ്ഞാല്‍ പ്രകാശം പരത്തുന്നവന്‍ എന്നു കേരളജനതയെ അര്‍ഥം പഠിപ്പിച്ച നേതാവ് പുതിയ വെളിപാടുകളുമായി വീണ്ടും അവതരിച്ചു! കമ്യൂണിസ്റുകളും ക്രൈസ്തവരും ഒന്നാണെന്നും കമ്യൂണിസ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ക്രിസ്തുവിന്റെ ചാര്‍ച്ചക്കാരനാണെന്നുമുള്ള പ്രകാശം പരത്തുന്ന ശുംഭത്തം വിളമ്പിക്കൊണ്ടാണ് ഇത്തവണ അദ്ദേഹം കേരളജനതയെ എഴുത്തിനിരുത്തിയത്. നട്ടുച്ചയ്ക്കു നിലാവുദിച്ചിരിക്കുന്നുവെന്നു നേതാവ് വിളിച്ചുപറയുമ്പോള്‍ അങ്ങനെതന്നെ സിന്ദാബാദ് എന്നു പറയുന്നവരുള്ള പാര്‍ട്ടിയുടെ സമ്മേളനത്തോടനുബന്ധിച്ചുള്ള ചരിത്രപ്രദര്‍ശനത്തില്‍, യേശുക്രിസ്തുവിന്റെ ചിത്രം ചരിത്രത്തില്‍ ചോരപ്പുഴയൊഴുക്കിയ കമ്യൂണിസ്റ് നേതാക്കന്മാര്‍ക്കൊപ്പം വച്ച് ക്രൈസ്തവരെ ആകമാനം അധിക്ഷേപിക്കാന്‍ പാര്‍ട്ടി മുതിര്‍ന്നു.
ക്രൈസ്തവര്‍ പൂജ്യമായി കരുതുന്ന അന്ത്യഅത്താഴത്തിന്റെ ചിത്രം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഇന്ത്യയിലെ മറ്റു പാര്‍ട്ടിനേതാക്കളുടെയും തലകള്‍വച്ചു മോര്‍ഫ് ചെയ്ത് തെരുവില്‍ ബോര്‍ഡുയര്‍ത്തിയപ്പോള്‍ ആ അവഹേളനം കേവലമര്യാദയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു. സിപിഎമ്മിന്റെ ഇരട്ടത്താപ്പും കാപട്യവുമാണതു പുറത്തുകൊണ്ടുവന്നത്. സംഗതി കൈവിട്ടുപോകുമെന്നു കണ്ടപ്പോള്‍, ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയാണു ക്രിസ്തുവെന്നും ക്രിസ്തുവിനെയും ക്രൈസ്തവമതമൂല്യങ്ങളെയും ആദരിക്കുന്നുവെന്നും പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സെക്രട്ടറിയുടെ വെള്ളപൂശല്‍ ശ്രമം! ദൈവത്തെയും മതങ്ങളെയും തള്ളിപ്പറയുകയും മതവിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുകയും ദേവാലയങ്ങളും സന്ന്യാസാശ്രമങ്ങളും, കോണ്‍വെന്റുകളും പിടിച്ചെടുക്കുകയും മതവിശ്വാസിയായതിന്റെ പേരില്‍ ലക്ഷക്കണക്കിനു ജനങ്ങളെ കൂട്ടക്കുരുതിക്കിരയാക്കുകയും ചെയ്ത പാരമ്പര്യം കമ്യൂണിസ്റ് പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടിയുടെ സര്‍വാധിപത്യചരിത്രത്തിന്റെ ഇരുണ്ട ഇടനാഴിയില്‍നിന്ന് ഇതാ ഒരു പാര്‍ട്ടി നേതാവ് ചരിത്രം തിരുത്താന്‍ തയാറായിരിക്കുന്നു!
കമ്യൂണിസ്റ് പ്രത്യയശാസ്ത്രവും ക്രൈസ്തവദര്‍ശനങ്ങളും തമ്മില്‍ ഇരുളും വെളിച്ചവും പോലുള്ള വ്യത്യാസമുണ്ട്. ക്രിസ്തുവിന്റെ ദര്‍ശനം പിടിച്ചടക്കലിന്റേതായിരുന്നില്ല. വര്‍ഗസമരം ക്രിസ്തുവിന്റെ മാര്‍ഗമല്ല. സ്നേഹിതനുവേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിച്ചുകൊണ്ട് വര്‍ഗസമരത്തിനപ്പുറത്ത് ആത്മസമര്‍പ്പണത്തിന്റേതായ മാര്‍ഗം സ്വീകരിക്കാനാണു ക്രിസ്തു ആഹ്വാനം ചെയ്തത്. വ്യക്തികളേക്കാള്‍ സമൂഹത്തിനാണു പ്രാധാന്യം, അതുകൊണ്ടു സമൂഹത്തിന്റെ നിലനില്പിനുവേണ്ടി വ്യക്തികളെ കൊന്നാലും പ്രശ്നമില്ലായെന്നു കമ്യൂണിസ്റ് സിദ്ധാന്തം പറയുന്നു. 'ഞാന്‍ വന്നിരിക്കുന്നതു നിങ്ങള്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണെന്നു' പറഞ്ഞുകൊണ്ട്, ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നും അതു കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ക്രിസ്തു പഠിപ്പിച്ചു. ഉള്ളവനില്‍നിന്നു പിടിച്ചെടുത്ത് ഇല്ലാത്തവനുമായി പങ്കുവച്ച് സമത്വത്തിന്റെ പറുദീസ സൃഷ്ടിക്കാമെന്നു കമ്യൂണിസ്റ് സിദ്ധാന്തം പറയുമ്പോള്‍, മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ആഹ്വാനം ചെയ്തുകൊണ്ട് മനസിന്റെ മാറ്റത്തിലൂടെയും നവീകരണത്തിലൂടെയുമാണ് ഇല്ലാത്തവനുമായി പങ്കുവയ്ക്കേണ്ടതെന്നു ക്രിസ്തു പഠിപ്പിച്ചു. പ്രത്യയശാസ്ത്രം സംരക്ഷിക്കാന്‍വേണ്ടി എത്രപേരെ കൊന്നൊടുക്കേണ്ടി വന്നാലും കുഴപ്പമില്ലെന്നു കമ്യൂണിസ്റ് സര്‍വാധിപത്യരാജ്യങ്ങളുടെ ചരിത്രം നമ്മെ പഠിപ്പിക്കുമ്പോള്‍ വാളെടുക്കുന്നവന്‍ വാളാല്‍ മരിക്കുമെന്നു പറഞ്ഞു സഹോദരസ്നേഹത്തിന്റെ മാര്‍ഗമാണ് അനുവര്‍ത്തിക്കേണ്ടതെന്നു ക്രിസ്തു പഠിപ്പിച്ചു. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകനും, ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമാകണം എന്നു പഠിപ്പിച്ചുകൊണ്ടും, തന്റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ടും സര്‍വാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ശൈലിയല്ല, വിനയത്തിന്റെയും എളിമയുടേതുമായ ജീവിതശൈലിയാണു മനുഷ്യനന്മയ്ക്ക് ഉപകരിക്കുന്നതെന്നു ക്രിസ്തു പഠിപ്പിച്ചു. കമ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിന് ഒരിക്കലും തെറ്റുപറ്റില്ലെന്നു വിശ്വസിക്കുന്നതുകൊണ്ട് ക്ഷമാപണവും മാപ്പപേക്ഷയും കമ്യൂണിസ്റുകളുടെ നിഘണ്ടുവിലില്ല. എന്നാല്‍, മനുഷ്യജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കാമെന്നും അതേറ്റുപറഞ്ഞു മാപ്പപേക്ഷിക്കുന്നിടത്താണു മനുഷ്യന്റെ മഹത്വം കുടികൊള്ളുന്നതെന്നും, ക്ഷമ നല്കലും ക്ഷമ സ്വീകരിക്കലുമാണു രമ്യതയുള്ള സമൂഹത്തിന്റെ അടിത്തറയെന്നും ക്രിസ്തു പഠിപ്പിച്ചു. ഒരുമിച്ചു ചേര്‍ത്തുവയ്ക്കാനാവാത്ത ആദര്‍ശങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിലേതെങ്കിലുമൊന്നിനെ അംഗീകരിക്കുന്നവന്‍ സ്വാഭാവികമായും മറുഭാഗം തെറ്റാണെന്നു പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായിത്തീരും.
ക്രിസ്തുദര്‍ശനവും കമ്യൂണിസവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടാത്ത സ്ഥിതിക്കു ക്രിസ്തുവിനെ ചരിത്രത്തിലെ വിമോചനപ്പോരാളിയായി അംഗീകരിച്ചതും കമ്യൂണിസ്റും കത്തോലിക്കനും ഒന്നാണെന്നു പ്രഖ്യാപിച്ചതുംവഴി പ്രകടിപ്പിക്കുന്ന ഈ മനംമാറ്റം പരോക്ഷമായ ഒരു കുറ്റസമ്മതത്തിന്റെയും ഏറ്റുപറച്ചിലിന്റെയും സൂചനയാണെന്ന് ഊഹിക്കാന്‍ കേരളജനതയ്ക്ക് പാര്‍ട്ടിക്ളാസിന്റെ ആവശ്യമില്ല. ചുരുക്കത്തില്‍, തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്നുപോന്ന ചുവപ്പിന്റെ പ്രത്യയശാസ്ത്രം തെറ്റാണെന്നും വിമോചനത്തിന്റെയും രക്ഷയുടെയും മാര്‍ഗം ക്രിസ്തുമാര്‍ഗമാണെന്നും പരോക്ഷമായി പ്രഖ്യാപിക്കുകയല്ലേ പാര്‍ട്ടി സെക്രട്ടറി ചെയ്തത്? 'മതമില്ലാത്ത ജീവനെ' അവതരിപ്പിച്ച പാര്‍ട്ടി, മതമൂല്യങ്ങളിലാണു ജീവന്‍ എന്ന തിരിച്ചറിവിലെത്തിയിരിക്കുന്നു. പക്ഷേ, അന്ത്യഅത്താഴ ചിത്രം വികൃതമാക്കിയതു വഴി പാര്‍ട്ടിയുടെ കപടമുഖം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടുവെന്നു പറയാതെ തരമില്ല. പാര്‍ട്ടിനേതാക്കന്മാരുടെ പ്രസ്താവനകളിലെ കാപട്യം വിശ്വാസികളും കേരളജനതയും തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല. ക്രിസ്തു വിമോചനപ്പോരാളിയാണെന്നുള്ള പ്രസ്താവന കുരുടന്‍ ആനയെക്കണ്ടതുപോലെ മാത്രമേ ആകുന്നുള്ളു! ക്രിസ്തു എന്ന ദൈവപുത്രനെയോ, ക്രിസ്തുദര്‍ശനങ്ങളെയോ മനസിലാക്കാന്‍ അവര്‍ ഇനിയും അനേകം കാതങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു. കമ്യൂണിസ്റ് പ്രത്യയശാസ്ത്രത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ക്രിസ്തുവിനെ മനസിലാക്കാന്‍ ഒരു ജന്മം മാത്രം മതിയാകില്ല. കമ്യൂണിസ്റ് നേതാക്കന്മാരോട് ഒരു വാക്കുകൂടി! ഒന്നുകില്‍ നിങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്ക്കുക, മതവിശ്വാസികളെ വെറുതെ വിടുക. അല്ലെങ്കില്‍ കമ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിന്റെ കാപട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞു ധൈര്യമായി മതവിശ്വാസം സ്വീകരിച്ചു ജീവിക്കുക. കാരണം ആര്‍ക്കും രണ്ടു വള്ളത്തില്‍ കാലുറപ്പിച്ച് അധികകാലം മുന്നോട്ടുപോകാനാവില്ല.
ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സ്വാതന്ത്ര്യങ്ങളാണ് അവകാശങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ചെയ്യുന്നതിനു നമുക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. സ്വേച്ഛാധിപത്യരാജ്യങ്ങളിലും വ്യക്തികള്‍ക്ക് സോപാധികമായ ചില അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കാറുണ്ട്; എന്നാല്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള അവകാശം പൗരന്മാര്ക്ക് ഉണ്ടായിരിക്കണം.
Thursday, February 9, 2012
അന്ത്യത്താഴവും വിപ്ലവകാരിയും !!
Subscribe to:
Post Comments (Atom)
No comments:
Post a Comment